തിരുവനന്തപുരം : ( www.truevisionnews.com ) അറുപത്തി മൂന്നാമത് സ്കൂൾ കലോത്സവത്തിന് 25 വേദികൾ എന്ന് മന്ത്രി വി ശിവൻകുട്ടി.
വേദികൾക്ക് നദികളുടെ പേര് ആയിരിക്കുമെന്നും പ്രധാന വേദി സെൻട്രൽ സ്റ്റേഡിയം ആണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ കലോത്സവത്തിൻ്റെ പ്രൊഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരാർത്ഥികൾ ആദ്യ 3 കോൾ വിളിക്കുമ്പോൾ തന്നെ സ്റ്റേജിലെത്തണം. വരാത്തവരെ അയോഗ്യരാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മത്സരം രാവിലെ 9.30 ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനുവരി 04 മുതൽ 08 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും നൂറ്റിയൊന്നും, ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും നൂറ്റി പത്തും, സംസ്‌കൃതോത്സവത്തിൽ പത്തൊമ്പതും, അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് ഇനങ്ങളിലായി പതിനയ്യായിരത്തിൽ പരം കലാപ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
നഗരത്തിലെ മുപ്പതോളം സ്‌കൂളുകളെ അക്കോമഡേഷൻ സെന്ററുകളായി തെരഞ്ഞെടുത്തിട്ടുണ്ട്.
കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവുകയാണ്.
മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം,മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങൾ.
സ്വർണ്ണകപ്പിന്റെ ഘോഷയാത്ര ഡിസംബർ 31 ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും പ്രയാണം പൂർത്തിയാക്കി രണ്ടായിരത്തി ഇരുപത്തിയഞ്ച് ജനുവരി 3 ന് രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്ത്മലയിൽ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സ്വീകരിച്ച് ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതാണ്.
സെൻട്രൽ സ്‌റ്റേഡിയം, വിമൺസ് കോളേജ്, മണക്കാട് ഗവൺമെന്റ് എച്ച്.എസ്.എസ്. തുടങ്ങിയ വേദികളിലായാണ് നൃത്ത ഇനങ്ങൾ അരങ്ങേറുന്നത്.
ടാഗോർ തീയേറ്ററിൽ നാടകവും, കാർത്തിക തിരുനാൾ തീയേറ്ററിൽ സംസ്‌കൃത നാടകം, ചവിട്ടു നാടകം എന്നിവയും ഗോത്ര കലകൾ നിശാഗന്ധി ഓഡിറ്റോറിയത്തിലും, ബാന്റ്‌മേളം പട്ടം സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലും നടത്തപ്പെടുന്നു.
ഭക്ഷണം പുത്തരിക്കണ്ടം മൈതാനത്താണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ സബ് കമ്മിറ്റികളുടെ ഓഫീസ്, രജിസ്‌ട്രേഷൻ എന്നിവ എസ്.എം.വി. സ്‌കൂളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സംഘാടക സമിതി ഓഫീസ് ശിക്ഷക് സദനിൽ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
എല്ലാ വേദികളിലും 9.30 ന് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതിനുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഉള്ള ഷെഡ്യൂൾ ആകെ ഇനങ്ങളുടെ എണ്ണം അനുസരിച്ച് ക്രമപ്പെടുത്തിയതാണ്.
അപ്പീലുകൾ വരുന്നതോടെ സമയക്രമത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. മത്സരം യഥാസമയം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും ചില കർശന നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.
ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണ്.
#program #schedule #KeralaSchoolArtsFestival #released